
ദോഹ:സുരക്ഷിതമല്ലാത്തതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഗൈഡ് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ഫുഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ഗൈഡ് ടു ഫുഡ് വിത്ത്ഡ്രോവൽ റിക്വയർമെന്റ്സ്' എന്ന പേരിലാണ് ഈ സമഗ്ര നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചത്.
ഇറക്കുമതി, കയറ്റുമതി, പ്രാദേശിക ഉൽപ്പാദനം, വിതരണം, ചില്ലറ വിൽപ്പന മേഖലകളിൽ പ്രവർത്തിക്കുന്ന ഖത്തറിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാണ്. റീകോൾ ടീമിനെ രൂപീകരിക്കൽ,
പൊതുജനാരോഗ്യ മന്ത്രാലയത്തെ അറിയിക്കൽ
അന്വേഷണവും, സാമ്പിൾ ശേഖരണവും
സുരക്ഷാ പ്രശ്നത്തിന്റെ അവലോകനം,
തിരിച്ചുവിളിക്കൽ തീരുമാനം എടുക്കൽ
നടപടികൾ ആരംഭിക്കൽ,
ഉൽപ്പന്നങ്ങൾ മാറ്റിവെക്കുകയും വിതരണം തടയുകയും ചെയ്യൽ,
ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ കണ്ടെത്തൽ (ട്രേസിംഗ്),
ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തൽ
ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയോ തിരികെ അയക്കുകയോ ചെയ്യൽ,
റീകോൾ നടപടികൾ അവസാനിപ്പിക്കൽ
പ്രക്രിയയുടെ ഫലപ്രാപ്തി വിലയിരുത്തൽ,
അന്തിമ റിപ്പോർട്ട് സമർപ്പിക്കൽ തുടങ്ങിയ നാല് ഭാഗങ്ങളുള്ള ഗൈഡിൽ ഭക്ഷ്യ വസ്തുക്കൾ പിൻവലിക്കുന്നതിലെ 13 പ്രധാന ഘട്ടങ്ങൾ വ്യക്തമാക്കുന്നു.ലബോറട്ടറി പരിശോധനാ ഫലങ്ങൾ, ഉപഭോക്തൃ പരാതികൾ, വിദേശ രാജ്യങ്ങളിലെ മുൻകരുതൽ നടപടികൾ തുടങ്ങിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പിൻവലിക്കലുകൾ നടത്തേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ 3 മുതൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം നിർദ്ദേശിക്കും.
ഖത്തറിലെ സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ സുരക്ഷാ വീഴ്ച കണ്ടാൽ ഉടൻ തന്നെ വിതരണം നിർത്തലാക്കാനും മന്ത്രാലയത്തെ വിവരമറിയിക്കാനും ബാധ്യസ്ഥരാണ്. ചില്ലറ വ്യാപാരികൾ മോശം ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് മാറ്റി ഉപഭോക്താക്കളിൽ നിന്ന് തിരികെ സ്വീകരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.










